Showing posts with label കലോത്സവ വേദി. Show all posts
Showing posts with label കലോത്സവ വേദി. Show all posts

Friday, 30 November 2012

വേദികളിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരെ കണ്ടെത്താന്‍ വേദികളിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. വെള്ളിയാഴ്ച ചേര്‍ന്ന നിയമപാലന കമ്മിറ്റിയിലാണ് തീരുമാനം. ക്യാമറ അനുവദിക്കണമെന്ന് അടുത്തദിവസം സംഘാടകസമിതി യോഗത്തില്‍ ആവശ്യപ്പെടും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് രാജുവിന്റെ നേതൃത്വത്തിലാകും ക്യാമറകള്‍ സ്ഥാപിക്കുന്നതും നിരീക്ഷിക്കുന്നതും.സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ക്യാമറ ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നവരെ കണ്ടെത്താന്‍ മഫ്ടിയില്‍ പൊലീസുണ്ടാകും. കലോത്സവ വേദിയുടെ പലഭാഗങ്ങളില്‍ ഇത്തരത്തിലുളള "സ്പോര്‍ട്ടര്‍" വിന്യസിക്കും. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മേല്‍നോട്ടത്തിലാകും ഈ സംഘം പ്രവര്‍ത്തിക്കുക. ജില്ലയില്‍ ലഭ്യമായ പരമാവധി പൊലീസുകാരുടെ എണ്ണം 800 ആണ്. എന്നാല്‍ ശബരിമല മകരവിളക്ക്, പുതിയങ്ങാടി നേര്‍ച്ച, നിലമ്പൂര്‍ പാട്ടുല്‍സവ സമാപനം എന്നിവ പ്രമാണിച്ച് പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്.
 150 പൊലീസുകാരെങ്കിലും ഇത്തരത്തില്‍ കുറയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അതിനാല്‍ കൂടുതല്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെക്കൂടി നിയമപാലനത്തിന് ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കോളേജുകളില്‍നിന്ന് എന്‍സിസി, എന്‍എസ്എസ് കേഡര്‍മാരുടെ സേവനം ഉറപ്പാക്കും. കൂടാതെ ബിഎഡ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉറപ്പാക്കും. കാണികള്‍ വേദിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് തടയാന്‍ ബാരിക്കേടുകള്‍ കൂടുതല്‍ ദൂരെ സ്ഥാപിക്കും. ഗതാഗത നിയന്ത്രണത്തിനും പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനും പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. നിയമപാലനം സുഗമമാക്കുന്നതിന് ഒമ്പത്സബ്കമ്മിറ്റികളും രൂപീകരിച്ചു.
 30ന് ജില്ലാ പൊലീസ് മേധാവിയുടെ ചേമ്പറില്‍ അവലോകന യോഗം ചേരും. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി കെ സേതുരാമന്‍ അധ്യക്ഷനായി. ഡിവൈഎസ്പിമാരായ എ എസ് രാജു, എസ് അഭിലാഷ്, അബ്ദുല്‍ജബ്ബാര്‍, എം പി മോഹനചന്ദ്രന്‍, ആര്‍ രാധാകൃഷ്ണപ്പിള്ള, എം എല്‍ സുനില്‍, ഒ സലിം, വിജയകുമാര്‍, സിഐമാരായ എ ഉമേഷ്, ആര്‍ റാഫി, മൂസ വള്ളിക്കാടന്‍, ഷാന്റി സിറിയക്, അബ്ദുല്‍മുനീര്‍, കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ മൈലപ്പുറം എന്നിവര്‍ സംസാരിച്ചു.

Thursday, 22 November 2012

കലോത്സവ വേദികളില്‍ വൈഫൈ

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവത്തിന്‍െറ പ്രധാന വേദികളില്‍ ഈ സൗകര്യം ലഭ്യമാക്കും. ഐ.ടി അറ്റ് സ്കൂളാണ് സൗകര്യം ഒരുക്കുന്നത്. മത്സര ഫലങ്ങളും വിവരങ്ങളും പരമാവധി വേഗത്തില്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കുന്നതെന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ നാസര്‍ കൈപ്പഞ്ചേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കും. വൈഫൈ പരിധിയില്‍ എവിടെയിരുന്നും കലോത്സവത്തിന്‍െറ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകും. ഐ.ടി അറ്റ് സ്കൂളിന്‍െറ വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ മീഡിയാ സെന്‍ററുകളിലെ ലാന്‍ വഴിയായിരുന്നു വിവരങ്ങള്‍ നല്‍കിയിരുന്നത്.
സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വൈഫൈ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
കൂടാതെ ഐ.ടി അറ്റ് സ്കൂള്‍ സംസ്ഥാന കലോത്സവത്തിന്‍െറ പ്രധാന വേദിയായ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിന് സമീപം താല്‍ക്കാലിക ടവറും ഒരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വയനാട് കലോത്സവത്തിന്‍െറ ഫലം പരിശോധിച്ചാല്‍ മാത്രമേ എത്ര ദൂരപരിധിയില്‍ കണക്ടിവിറ്റി ലഭിക്കൂവെന്ന് പറയാനാകൂ എന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ പറഞ്ഞു. എം.എസ്.പിയിലെയും പരിസരങ്ങളിലെയും വേദികളില്‍ കണക്ടിവിറ്റി ഉറപ്പുവരുത്താനാകും. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വെബ്സൈറ്റില്‍ ഇനം തിരിച്ച് മത്സരഫലം തെരഞ്ഞെടുക്കുന്ന സംവിധാനം തുടരുന്നുണ്ട്. ഉപജില്ലാതല മത്സരം മുതല്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലായിരിക്കും.
ഉപജില്ലാ മത്സരം കഴിയുന്നതോടെ ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം വഴി ഒരുക്കും. ജില്ലാ മത്സരം പൂര്‍ത്തിയാക്കി വിജയികളെ രേഖപ്പെടുത്തുന്നതോടെ സംസ്ഥാന മത്സരത്തിനുള്ളവരുടെ പട്ടികയും തയാറാകും.