Friday 16 November 2012

സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതസംഘമായി


മലപ്പുറം: കലാകേരളത്തിന്റെ കൗമാരോത്സവത്തിന് ആതിഥ്യമരുളാന്‍ മലപ്പുറത്തിന്റെ സാംസ്‌കാരിക മനസ്സ് ഒരുക്കമാണെന്ന പ്രഖ്യാപനത്തോടെ 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതസംഘമായി.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സാന്നിധ്യത്തില്‍ മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ ചേര്‍ന്ന വിപുലമായ സംഗമത്തിലാണ് സംഘാടക സമിതി രൂപവത്കരിച്ചത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വേദിയൊരുങ്ങാന്‍ ഇനി 64 ദിവസം ബാക്കിനില്‍ക്കെ മഹാമേളയെ ജനകീയ ഉത്സവമാക്കാന്‍ മലപ്പുറത്ത് വമ്പിച്ച ഒരുക്കങ്ങളാണ് നടക്കുന്നത്.
2013 ജനുവരി 14മുതല്‍ 20വരെയാണ് സ്‌കൂള്‍ കലോത്സവം. കലോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റാന്‍ ജനപ്രതിനിധികളും അധ്യാപക- വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും ഇനിയുള്ള ദിവസങ്ങളില്‍ ഒരുമെയ്യോടെ പ്രവര്‍ത്തിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ കലാമേളയാക്കി മലപ്പുറത്തെ സ്‌കൂള്‍ കലോത്സവത്തെ മാറ്റാന്‍ ശ്രമിക്കുമെന്ന് സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രസ്താവിച്ചു.
ജില്ലാ ആസ്ഥാനത്തേക്ക് ഇതാദ്യമായാണ് സ്‌കൂള്‍ കലോത്സവം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ജില്ലയുടെ ആഘോഷമാക്കി മാറ്റാന്‍ ഒത്തൊരുമയോടെയുള്ള പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ 12,000ത്തോളം വരുന്ന വിദ്യാലയങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും എത്തിച്ചേരും.
12 പുതിയ ഇനങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ കുട്ടികളും മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ ഫലപ്രഖ്യാപനം വരുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ഐ.ടി @സ്‌കൂള്‍ വഴി ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കലോത്സവത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനിക്കാനുള്ള 117 കിലോ തൂക്കംവരുന്ന സ്വര്‍ണ്ണകപ്പ് മേളക്ക് മുമ്പ് മലപ്പുറത്തേക്ക് എത്തിക്കും. കലോത്സവത്തിനു മുമ്പ് വിവിധ പരിപാടികളും സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഏഷ്യയിലെ ഏറ്റവുംവലിയ കലോത്സവം കുറ്റമറ്റതാക്കി നടത്താന്‍ ഏവരുടെയും സഹായം ആവശ്യമാണെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അഭിപ്രായപ്പെട്ടു. 232 ഇനങ്ങളിലായാണ് ഈവര്‍ഷത്തെ മത്സരം. മലയാള വര്‍ഷമായി ആചരിക്കുന്ന സന്ദര്‍ഭം എന്ന നിലക്ക് ഇത്തവണത്തെ കലോത്സവത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment