Thursday 22 November 2012

കലോത്സവ വേദികളില്‍ വൈഫൈ

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവത്തിന്‍െറ പ്രധാന വേദികളില്‍ ഈ സൗകര്യം ലഭ്യമാക്കും. ഐ.ടി അറ്റ് സ്കൂളാണ് സൗകര്യം ഒരുക്കുന്നത്. മത്സര ഫലങ്ങളും വിവരങ്ങളും പരമാവധി വേഗത്തില്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കുന്നതെന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ നാസര്‍ കൈപ്പഞ്ചേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കും. വൈഫൈ പരിധിയില്‍ എവിടെയിരുന്നും കലോത്സവത്തിന്‍െറ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകും. ഐ.ടി അറ്റ് സ്കൂളിന്‍െറ വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ മീഡിയാ സെന്‍ററുകളിലെ ലാന്‍ വഴിയായിരുന്നു വിവരങ്ങള്‍ നല്‍കിയിരുന്നത്.
സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വൈഫൈ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
കൂടാതെ ഐ.ടി അറ്റ് സ്കൂള്‍ സംസ്ഥാന കലോത്സവത്തിന്‍െറ പ്രധാന വേദിയായ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിന് സമീപം താല്‍ക്കാലിക ടവറും ഒരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വയനാട് കലോത്സവത്തിന്‍െറ ഫലം പരിശോധിച്ചാല്‍ മാത്രമേ എത്ര ദൂരപരിധിയില്‍ കണക്ടിവിറ്റി ലഭിക്കൂവെന്ന് പറയാനാകൂ എന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ പറഞ്ഞു. എം.എസ്.പിയിലെയും പരിസരങ്ങളിലെയും വേദികളില്‍ കണക്ടിവിറ്റി ഉറപ്പുവരുത്താനാകും. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വെബ്സൈറ്റില്‍ ഇനം തിരിച്ച് മത്സരഫലം തെരഞ്ഞെടുക്കുന്ന സംവിധാനം തുടരുന്നുണ്ട്. ഉപജില്ലാതല മത്സരം മുതല്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലായിരിക്കും.
ഉപജില്ലാ മത്സരം കഴിയുന്നതോടെ ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം വഴി ഒരുക്കും. ജില്ലാ മത്സരം പൂര്‍ത്തിയാക്കി വിജയികളെ രേഖപ്പെടുത്തുന്നതോടെ സംസ്ഥാന മത്സരത്തിനുള്ളവരുടെ പട്ടികയും തയാറാകും.

No comments:

Post a Comment