Thursday 22 November 2012

സ്കൂള്‍ കലോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ സി.സി.ടി.വി; ജഡ്ജിമാരെ സ്വാധീനിക്കുന്നത് തടയാന്‍ മഫ്തി പൊലീസ്

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളും പരിസരങ്ങളും ആദ്യമായി ഇത്തവണ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി (സി.സി.ടി.വി)സംവിധാനത്തില്‍ പൊലീസ് നിരീക്ഷിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമപാലന സബ്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് മുഴുവന്‍ വേദികളും പൊലീസ് നിരീക്ഷണത്തിലാക്കുന്നതാണ് പദ്ധതി.
നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഡി.വൈ.എസ്.പിമാരും നല്‍കും. ഇതിന് പുറമെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മഫ്തി പൊലീസ് നിരീക്ഷിക്കും. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ.എസ് രാജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് ആയിരിക്കും ഇത് നിരീക്ഷിക്കുക. വിധികര്‍ത്താക്കള്‍ മത്സര വേദികളിലും താമസ സ്ഥലത്തും പൊലീസ് നിരീക്ഷണത്തിലായിരിക്കും. വേദികള്‍ക്കടുത്തും താമസ സ്ഥലത്തും വിധികര്‍ത്താക്കളുമായി ഒഫീഷ്യല്‍സിന് മാത്രമേ സംസാരിക്കാന്‍ അനുമതിയുള്ളൂ. നിയമപാലന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമ്പത് സബ്കമ്മിറ്റികള്‍ക്ക് കീഴില്‍ ക്രമീകരിക്കാന്‍ യോഗം തീരുമാനിച്ചു. രജിസ്ട്രേഷന് എത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും അവരെ താമസ സ്ഥലത്ത് എത്തിക്കാനുമായി മഞ്ചേരി ട്രാഫിക് എസ്.ഐ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി പ്രവര്‍ത്തിക്കും.
പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ പഞ്ചായത്തംഗം എം.എ. റസാഖ്, വേങ്ങര എസ്.ഐ ഹിദായത്തുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വനിത സി.ഐ, നഗരസഭാ കൗണ്‍സിലര്‍ ചുണ്ടയില്‍ സുഹ്റാബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കും. ട്രാഫിക് നിയന്ത്രണത്തിന് മലപ്പുറം സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലും ഘോഷയാത്രയുടെ ചുമതല തിരൂരങ്ങാടി സി.ഐ എ. ഉമേഷിന് കീഴിലുള്ള കമ്മിറ്റിക്കുമായിരിക്കും.

No comments:

Post a Comment