Thursday 22 November 2012

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ കാലത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതിനാല്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസില്‍ മുമ്പത്തേക്കാള്‍ എളുപ്പം മലപ്പുറത്തെത്താനാവും.
ബംഗളൂരു-ജമ്മു നവയുഗ് എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ഹാപ്പ-തിരുനെല്‍വേലി സൂപ്പര്‍ എക്സ്പ്രസ്, അമൃത്സര്‍-കൊച്ചുവേളി സൂപ്പര്‍ എക്സ്പ്രസ്, ഡെറാഡൂണ്‍-കൊച്ചുവേളി സൂപ്പര്‍ എക്സ്പ്രസ് എന്നിവക്കാണ് നിലവില്‍ തിരൂരില്‍ സ്റ്റോപ്പില്ലാത്തത്. ഇതില്‍ ഹാപ്പ-തിരുനെല്‍വേലി സൂപ്പര്‍ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുതവണയും ശേഷിച്ചവ ആഴ്ചയില്‍ ഒരുതവണയുമാണ് തിരൂര്‍വഴി കടന്നുപോകുന്നത്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച് ഈയിടെ ഓടിത്തുടങ്ങിയ ബിക്കാനീര്‍-കോയമ്പത്തൂര്‍ എ.സി സൂപ്പര്‍ എക്സ്പ്രസിനും തിരൂരില്‍ സ്റ്റോപ്പില്ല. ഇനി സര്‍വീസ് തുടങ്ങാനുള്ള ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസിന്‍െറ (കോയമ്പത്തൂര്‍ വഴി) ഷെഡ്യൂളിലും മലപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഇത്രയും ട്രെയിനുകള്‍ക്ക് സംസ്ഥാന സ്കൂള്‍ കലോത്സവ കാലത്ത് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന പക്ഷം തെക്ക്, വടക്ക് ജില്ലകളില്‍ നിന്നെത്തുന്ന മത്സരാര്‍ഥികളുടെ യാത്രാദുരിതത്തിന് ഒരുപരിധിവരെ അറുതിവരുത്താനാവുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഈ വണ്ടികളിലെത്തുന്ന മത്സരാര്‍ഥികളും കൂടെയുള്ളവരും ഷൊര്‍ണൂരിലോ കോഴിക്കോടോ ഇറങ്ങി ബസ് മാര്‍ഗം മലപ്പുറത്തെത്തേണ്ടിവരും.

No comments:

Post a Comment