Thursday, 22 November 2012

കലോല്‍സവം: മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ്

മലപ്പുറം . സംസ്ഥാന കലോല്‍സവത്തില്‍ ആദ്യമായി ഭക്ഷണപ്പുരയിലെ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ് സ്ഥാപിക്കുന്നു. മലിനജലം പ്രത്യേക സംഭരണികളില്‍ ശേഖരിച്ച് തല്‍സമയം ശുദ്ധീകരിക്കാനും ഖരമാലിന്യം വളമാക്കി മാറ്റാനുമാണ് പദ്ധതി.
വന്‍ തുക ചെലവുവരുന്ന സംവിധാനം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സൌജന്യമായി ചെയ്തുനല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. 32,000 ചതുരശ്ര അടിയിലാകും ഊട്ടുപുര നിര്‍മിക്കുക. മൂന്ന് പ്രവേശനകവാടങ്ങള്‍ ഉണ്ടാകും. പ്രതിദിനം 20,000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 50,000 ലീറ്റര്‍ വെള്ളത്തിനു പുറമേ രണ്ടുലക്ഷം ലീറ്റര്‍ കരുതല്‍ശേഖരവും വേണ്ടിവരും.
രാവിലെ ഏഴുമുതല്‍ രാത്രി 11 വരെ 700 വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. മുന്‍ കലോല്‍സവങ്ങളിലെ പാചകക്കാര്‍ക്ക് മുന്‍ഗണന നല്‍കി ഇന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കണ്‍വീനര്‍ പി. പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ കമ്മിറ്റി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തി.

No comments:

Post a Comment