Sunday 25 November 2012

സ്‌കൂള്‍ കലോത്സവം: ശുദ്ധജലത്തിനായി താല്‍ക്കാലിക വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌


മലപ്പുറം: ജില്ലാ ആസ്‌ഥാനത്ത്‌ ആദ്യമായി നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനത്തിനു ശുദ്ധജലം ലഭ്യമാക്കുന്നതിനായി താല്‍ക്കാലിക വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ഒരുക്കാന്‍ ഭക്ഷണക്കമ്മിറ്റിയുടെ തീരുമാനം. ഒരു ദിവസം 50,000 ലിറ്റര്‍ വെള്ളമാണ്‌ വേണ്ടി വരിക. കലോല്‍സവം ഏഴു ദിവസമാണ്‌ നടക്കുന്നതെങ്കിലും മറ്റു ചില ആവശ്യങ്ങള്‍ക്കു കൂടിയാകുന്നതോടെ ആകെ അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരും. ഇതില്‍ 1.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കേണ്ടിയും വരും. ഇത്രയധികം വെള്ളം ലഭ്യമാകുമോയെന്നും ഉപയോഗിച്ചു കഴിഞ്ഞ വെള്ളം എന്തു ചെയ്യുമെന്ന ആശങ്കയും ഇതോടെ പരിഹരിക്കാനാകുമെന്നാണു സംഘാടകര്‍ കരുതുന്നത്‌. ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്‌ഥാപിക്കുക. മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലായിരിക്കും ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌. 40,000 രൂപയാണ്‌ ഇതിനായി ചെലവു വരിക. ഇതു നഗരസഭ വഹിക്കും. സംസ്‌കരിച്ച ജലം കുടിവെള്ളമായി ഉപയോഗിക്കാമെങ്കിലും കൈകഴുകാനും ടോയ്‌ലറ്റിലും മാത്രമേ ഉപയോഗിക്കൂ. സംസ്‌കരിക്കുന്ന ഖരമാലിന്യം വളമായി ഉപയോഗിക്കാനാവും. താല്‍ക്കാലികമായി സ്‌ഥാപിക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക്‌ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാനാണു വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ഉദ്ദേശിക്കുന്നത്‌. രണ്ടുവട്ടം ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ച ജലം പാചകത്തിനു നല്‍കും.
ഭക്ഷണപ്പന്തല്‍ ഒരുക്കുന്ന എം.എസ്‌.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്‌ണന്‍ എം.എല്‍എ സന്ദര്‍ശനം നടത്തി. മലപ്പുറം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ഭക്ഷണ കമ്മിറ്റി യോഗം ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ അധ്യക്ഷയായിരുന്നു. കമ്മിറ്റി കണ്‍വീനര്‍ പരമേശ്വരന്‍, ആരോഗ്യ-ജല അഥോറിട്ടി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, മലപ്പുറം നഗരസഭാ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ വി.പി അനില്‍ പങ്കെടുത്തു.

No comments:

Post a Comment